'ഡിറ്റൻഷൻ ' - Mawju

Breaking

Home Top Ad

20 March 2020

'ഡിറ്റൻഷൻ '



എവിടെയാണിപ്പോൾ നിൽക്കുന്നത്..? മുന്നിലും പിന്നിലും ആളുകളുടെ അനന്തമായ നിരയാണ്...  വൃദ്ധരും സ്ത്രീകളും കുഞ്ഞുങ്ങളും രോഗികളും വികലാംഗരും... നാനാജാതിമതസ്ഥരായ മനുഷ്യർ ചുട്ടുപൊള്ളുന്ന വെയിലിൽ തങ്ങളുടെ ഊഴവും കാത്തു നിൽപാണ്...
എന്താണിവിടെ സംഭവിക്കുന്നത്..?
കൈക്കുഞ്ഞുങ്ങൾ വാവിട്ടു കരയുന്നു...
വൃദ്ധജനങ്ങൾ ചുമച്ച് ചുമച്ച് തുപ്പുന്നത് രക്തനിറമായിരിക്കുന്നു...
രോഗികൾ അവശരായി തളർന്നിരിക്കുന്നു...
അതിനിടെ ആരൊക്കെയോ കുഴഞ്ഞു വീഴുന്നുണ്ട്..
താങ്ങിയെടുക്കുന്നു... ആംബുലൻസിന്റെ സൈറൺ കാതുകളിൽ മുഴങ്ങുന്നു...
എത്ര പേർക്ക് ജീവശ്വാസം നിലച്ചെന്ന് ആർക്കറിയാം...

പലരും ദിവസങ്ങളായി ക്യൂവിൽ തന്നെയാണ് ഊണും ഉറക്കവും...
പുലർച്ചെ വന്ന് ക്യൂവിന്റെ ഭാഗമായവർ സന്ധ്യയായിട്ടും ഊഴമെത്താത്തവർ തിരിച്ചു പോകുന്നില്ല, കാരണം വീണ്ടും പിറ്റേന്ന് വന്നാൽ സ്ഥാനം വളരെ  പിറകിലായിരിക്കും...
മുന്നോട്ട് പോകുന്നവരാരും തിരിച്ചു വരുന്നത് കാണുന്നുമില്ല, എന്താണവിടെ നടക്കുന്നതെന്ന് അന്വേഷിച്ചറിയാൻ...?
ആർക്കും കൃത്യമായ ഒരു വിവരവുമില്ല... നിയമപാലകർ ക്രമസമാധാന പാലനത്തിയായി ലാത്തിയും തോക്കും പിടിച്ച് ഉലാത്തുന്നുണ്ട്. പ്രശ്നമുണ്ടാക്കുന്നവർക്കും ബഹളം വെക്കുന്നവർക്കും നേരെ ദയാരഹിതമായ മുറകൾ പ്രയോഗിക്കുന്നു...!

എങ്ങനെയാണെല്ലാവരും ഈ ക്യൂവിൽ എത്തിപ്പെട്ടതെന്ന് ചോദിച്ചാൽ ആർക്കും കൃത്യമായ മറുപടിയില്ല...
ഒരു ഉത്തരവ് വന്നപ്പോൾ ജനങ്ങളെല്ലാം ഇതിലേക്ക് ആനയിക്കപ്പെടുകയായിരുന്നു...
അല്ലെങ്കിലും ക്യൂവിൽ നിൽക്കുന്നത് നമുക്ക് പുതുമയുള്ള കാര്യമല്ലല്ലോ
എത്ര തവണയാണ് നാം ക്യൂ നിന്നിട്ടുള്ളത്...!
തിരിച്ചറിയൽ കാർഡിന്. റേഷൻകാർഡിന് .
പാസ്പോർട്ടിന്,
ആധാർ കാർഡിന് .
ഈ ഉത്തരവുകൾ ഇറക്കുന്നവരെ ഭരണത്തിൽ കയറ്റിയിരുത്താൻ വോട്ട് ചെയ്യുന്നതിന് ...
അവസാനമായ് നോട്ട് നിരോധിച്ചപ്പോൾ ബാങ്കിന് മുന്നിൽ...
അന്ന് എത്രപേരാണ് ക്യൂവിൽ കുഴഞ്ഞുവീണ് മരിച്ചത് ..
ഇനിയിപ്പോൾ തലവെട്ടാൻ വേണ്ടിയാണ് എന്ന് പറഞ്ഞാലും അനുസരണയുള്ള പ്രജകളായി ദേശസ്നേഹികളായി നാം നിന്നു കൊടുക്കേണ്ടി വരും..! അല്ലാത്തവർ രാജ്യദ്രോഹികൾ...

അടുത്ത ദിവസമാണ് ക്യൂവിന്റെ മുൻഭാഗം ദൃശ്യമായത് ...
ആളുകൾ കൂടി നിൽക്കുന്നു... പോലീസ് പട്ടാള യൂണിഫോമിലുള്ളവർ ലാത്തിയും തോക്കുമേന്തി സന്നദ്ധരായി നിൽക്കുന്നു... ഓരോരുത്തരെയായി ഒരു വാതിലിലൂടെ പ്രവേശിപ്പിക്കുന്നു...
പിന്നെയും ഏറെ നേരം കഴിഞ്ഞാണ് എന്റെ ഊഴമെത്തിയത്, പ്രവേശിച്ചയുടനെ യന്ത്രത്തിൽ നിന്നെന്ന പോലെ നിർദ്ദേശം വന്നു,
"വസ്ത്രം അഴിച്ചു വെക്കുക, നിങ്ങൾ സ്കാനിംഗിന് വിധേയമാവുകയാണ് "...
നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുകയല്ലാതെ എന്തു ചെയ്യാൻ...?

'സ്കാനിംഗ് പ്രോസസ്' കഴിഞ്ഞ് പുറത്ത് കടന്നപ്പോൾ മുന്നിൽ രണ്ട് വാതിലുകൾ...
ഒന്നാമത്തേതിൽ വെളിച്ചമുണ്ട്, പുറം ലോകം വ്യക്തമായി കാണാം..
രണ്ടാമത്തേതിൽ ഇരുട്ടാണ്, ഒന്നും കാണാനാവുന്നില്ല..
എന്ത് ചെയ്യണമെന്നറിയാതെ ശങ്കിച്ചു നിൽക്കെ രണ്ടാമത്തെ കവാടത്തിലേക്ക് പ്രവേശിക്കുവാനുള്ള നിർദ്ദേശം വന്നു...
ഉള്ളിൽ കടന്ന് അൽപം മുന്നോട്ട് പോയപ്പോഴാണ് അതൊരു ഇരുണ്ട കാരാഗൃഹമാണെന്ന് മനസിലായത്..
സ്ത്രീകളുടെയും കുട്ടികളുടെയുമെല്ലാം നിലവിളികൾ...
ആർത്തനാദങ്ങളും കൂട്ടക്കരച്ചിലുകളും..
പിന്നെ  'ഗോലീ മാരോ' ആക്രോശങ്ങൾ... വെടിയൊച്ചകൾ..!

 മജീദ് അല്ലൂർ

No comments:

Post a Comment

Pages