കോവിഡ് 19 ന്റെ വ്യാപനത്തോടെ എല്ലാവരും ഇപ്പോൾ പുറത്തിറങ്ങാനാവാതെ വീട്ടിലിരിപ്പാണ്, ജോലിക്ക് പോകാനാവാതെ, അങ്ങാടിയിലേക്കോ ടൗണിലേക്കോ എന്തെങ്കിലുമാവശ്യങ്ങൾക്കായി ഇറങ്ങാനാവാതെ...
കൂട്ടം ചേരാനോ കൂട്ടു കൂടാനോ ആവാതെ,
കുട്ടികൾക്ക് അവധിക്കാലമായതിനാൽ കളിക്കാനോ യാത്ര പോകാനോ ആകാതെ.. ഒരുതരം തടങ്കൽ! പുറത്തിറങ്ങി കറങ്ങിയാൽ പോലീസ് ഇടപെടും, കർഫ്യു സമാനമായ സാഹചര്യം...
ഒന്നും ചെയ്യാനാവാതെ നമ്മൾ നിസ്സഹായരായി കുത്തിയിരിപ്പാണ്...
നമ്മുടെ രാജ്യത്തെ നമ്മുടേതു പോലുള്ള ഒരു സംസ്ഥാനമായ കാശ്മീരിൽ ജനങ്ങൾ മാസങ്ങളായി വീട്ടുതടങ്കലിലാണ്. ജോലിക്ക് പോകാനും പുറത്തേക്കിറങ്ങാനും യാത്ര ചെയ്യാനും സ്ക്കൂളിൽ പോകാനുമൊക്കെ നമ്മെ പോലെ അവർക്കും അവകാശവും സ്വാതന്ത്ര്യവുമൊക്കെയുണ്ടല്ലോ... രാഷ്ട്രീയത്തിന്റെ പേരിൽ അവരുടെ സ്വതന്ത്ര്യവും അവകാശങ്ങളും നാം ഇല്ലാതാക്കുകയും അവരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു...
നമുക്ക് അതൊരു പ്രശ്നമേ ആയില്ല,
നാം സമാധാനിച്ചിരുന്നു, ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലല്ലോ ...
ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്രകാരം മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വർണത്തിന്റെയും വംശീയതയുടെയും പേരിൽ സത്രീ പുരുഷ ഭേദമന്യേ പ്രായമായവരും കുട്ടികളുമെല്ലാം സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കപ്പെട്ട് തടവറകളിലും അല്ലാതെയും കഴിയുന്നു..
ഇന്നിപ്പോൾ സമാനമായ സാഹചര്യം മറ്റൊരു രീതിയിൽ നമുക്കും സംജാതമായിരിക്കുന്നു...
കൊറോണ രോഗം ഇതിന്റെയെല്ലാം ശിക്ഷയാണെന്ന് പറയുകയല്ല, അല്ലെന്നും...!
മനുഷ്യരിൽ ഒരു വിഭാഗം അധികാരത്തിന്റെ ഹുങ്കിൽ മറ്റു മനുഷ്യരോട് ചെയ്യുന്ന ഈ അടിച്ചമർത്തലുകളും അക്രമങ്ങളും ആര് ചെയ്താലും എന്തിന്റെ പേരിലായാലും ന്യായീകരിക്കാവതല്ല...
അത് ഏത് മതത്തിന്റെ/ ഇസത്തിന്റെ/ പ്രസ്ഥാനത്തിന്റെ ആളുകളായാലും...
ഒരാൾക്കും തന്നെ പോലെയുള്ള മറ്റൊരാളെ അക്രമിക്കാനോ അവന്റെ അവകാശം ഹനിക്കുവാനോ ഉപദ്രവിക്കാനോ വധിക്കുവാനോ യാതൊരവകാശവുമില്ല തന്നെ...
നിരപരാധികളായ മനുഷ്യരെ കൂട്ടക്കശാപ്പ് നടത്തുമ്പോൾ, തടവറകളിലsയ്ക്കുമ്പോൾ...
സ്വന്തം നാട്ടിൽ നിന്ന് ആട്ടിപ്പായ്ക്കുമ്പോൾ...
ഇനിയും സ്വദേശികളെന്നും വിദേശികളെന്നും പറഞ്ഞ് ആളുകളെ തടങ്കൽ പാളയങ്ങളിലേക്ക് തള്ളിവിടാൻ പുതിയ കരുക്കൾ നീക്കുമ്പോൾ...
നാമോർക്കണം
ഭൂമിയിൽ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നവർക്ക് ആരും തുണയില്ലാതാകുമ്പോൾ
പ്രകൃത്യാ ചില പ്രതി പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് നാം കരുതേണ്ടിയിരിക്കുന്നു...
കരുതിയിരിക്കേണ്ടിയിരിക്കുന്നു...
ഈ കൊറോണക്കാലത്ത് ഇങ്ങനെയും ചില ശിഥില ചിന്തകൾ മനസിനെ മഥിക്കുകയാണ്...?!
മജീദ് അല്ലൂർ
No comments:
Post a Comment