ഒരു ഡിസംബറിന്റെ ഓർമയ്‌ക്ക് - Mawju

Breaking

Home Top Ad

22 March 2020

ഒരു ഡിസംബറിന്റെ ഓർമയ്‌ക്ക്





രണ്ടാഴ്ച കഴിഞ്ഞാല്‍ ജില്ലാ കലോത്സവമാണ്. കുട്ടികളെ വ്യത്യസ്ത പരിപാടികള്‍ക്കു വേണ്ടി തയ്യാറാക്കുന്ന തിരക്കിലാണ് അധ്യാപകരൊക്കെ. ഒപ്പനക്കു വേണ്ടി പരിശീലനം നടത്തുന്ന പെണ്‍കുട്ടികളുടെ കൈകൊട്ട് ശബ്ദം ക്ലാസിലേക്കു വരെ എത്തുന്നുണ്ട്. സംഘഗാനവും മാപ്പിളപ്പാട്ടും മോണോആക്ടും പ്രസംഗവും ആകെക്കൂടി ബഹളമയം. എല്ലാവരും ആഘോഷത്തിന്റെ ലഹരിയിലാണ്. പ്രാക്ടീസിനു വേണ്ടി ക്ലാസ് ഒഴിവാക്കി എല്ലാവരുടെയും മുന്നിലൂടെ നെഞ്ചും വിരിച്ച് ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ മനസ്സ് എവറസ്റ്റ് കീഴടക്കിയ സന്തോഷത്തിലായിരിക്കും. അധ്യാപകര്‍ പരിപാടികളുടെ തിരക്കിനിടയില്‍ ക്ലാസിലേക്കു വരാതിരിക്കുന്നതിനാല്‍ കുട്ടികളും സന്തോഷത്തിലാവും.


'ഇത്തവണ ഒരിക്കലും നഷ്ടപ്പെടരുത്' ഉപജില്ലാ മത്സരത്തില്‍ അറബി പ്രസംഗത്തിന് ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ മനസ്സിലുറപ്പിച്ചതാണ് ഞാന്‍. കഴിഞ്ഞ രണ്ടു തവണയും ജില്ലയില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതാണ്. ഇനിയൊരവസരമില്ല. അടുത്ത വര്‍ഷം മുതല്‍ ഹൈസ്‌ക്കൂളായതിനാല്‍ മത്സരിക്കാന്‍ കഴിയുമോ എന്നു പോലും അറിയില്ല.


'ഇത്തവണ നിനക്ക് ഉറപ്പായും ഫസ്റ്റ് കിട്ടും, നീ കണ്ടോ' ഉമ്മ ഇടക്കിടെ പറയുന്നുണ്ട്. ഉമ്മയാണ് അറബി പ്രസംഗം എഴുതിയതും പഠിപ്പിച്ചു തരുന്നതുമെല്ലാം. അറബി ടീച്ചറായതിനാല്‍ മകന് അറബി പ്രസംഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നതു കാണാന്‍ ഉമ്മാക്കും ഒരുപാടാഗ്രഹമുണ്ടാവും. ഏതായാലും ഇത്തവണ ഉമ്മാന്റെ ആഗ്രഹം പൂവണിയണം.


ഇത്തവണ ജില്ലയില്‍ രണ്ടു പരിപാടികള്‍ക്കാണ് മത്സരിക്കുന്നത്. പ്രസംഗവും കഥാ പൂരണവും. അറബി പ്രസംഗത്തിലാണ് പ്രതീക്ഷ. മൂന്നാം തവണ ആയതിനാല്‍ മനസ്സിന് നല്ല ആത്മവിശ്വാസവുമുണ്ട്..


'ജനുവരി ഒന്നു മുതലാണ് നമ്മുടെ ജില്ലാ മത്സരങ്ങള്‍ ആരംഭിക്കുന്നത്'‍ ക്രിസ്മസ് അവധിക്ക് സ്‌കൂൾ പൂട്ടുന്നതിനു മുമ്പ് മത്സരാർത്ഥികളുടെ മീറ്റിംഗില്‍ വെച്ച് ഫാറൂഖ് മാഷ് കാത്തുകാത്തിരുന്ന തിയ്യതി പ്രഖ്യാപിച്ചു.


'പരിപാടി നടക്കുന്നത് പയ്യന്നൂരില്‍ വെച്ചാണ്' മാഷ് പറഞ്ഞു.


'ഒരുപാട് യാത്ര ചെയ്ത് പോകണമല്ലേ' അനന്തന്‍ മാഷ് ചോദിച്ചു.


'അതു പ്രശ്‌നമില്ല. നമുക്ക് സ്‌കൂള്‍ ബസ്സില്‍ പോവാലോ, കുറച്ചു നേരത്തെ ഇറങ്ങിയാല്‍ മാത്രം മതി' ഫാറൂഖ് മാഷ് മറുപടി നല്‍കി.


'പഠിപ്പിച്ചതെല്ലാം കുട്ടികള്‍ മറന്നു പോകുമോ ആവോ?' പത്തു ദിവസത്തേക്ക് സ്‌കൂള്‍ അടക്കുന്നതിലെ വിഷമം അറിയിച്ചു കൊണ്ട് ഉമ്മു കുല്‍സു ടീച്ചര്‍  പറഞ്ഞു.


'മറന്നു പോവാതിരിക്കാന്‍ എല്ലാ ദിവസവും ചൊല്ലി നോക്കിയാല്‍ പോരേ ടീച്ചറേ..' കുട്ടികളിലാരോ ആവേശത്തോടെ എഴുന്നേറ്റു നിന്നു.


'അങ്ങനെ ചെയ്താല്‍ മാത്രമേ കഴിഞ്ഞ തവണ ലഭിച്ചതു പോലെ നമ്മുടെ സ്‌കൂളിന് ഓവറോള്‍ ഒന്നാം സ്ഥാനം ലഭിക്കുകയും നമുക്ക് ലോറിയില്‍ ജാഥ വിളിക്കാന്‍ പറ്റുകയും ചെയ്യുകയുള്ളൂ. അതു കൊണ്ട് എല്ലാവരും ദിവസവും മനഃപാഠമാക്കിയ പരിപാടികള്‍ ചൊല്ലി നോക്കണം' കുട്ടികളെ ആവേശഭരിതരാക്കി ഫാറൂഖ് മാഷ് മീറ്റിംഗവസാനിപ്പിച്ചു.


അറബി പ്രസംഗത്തിന് മൂന്നു വിഷയങ്ങളിലെ പ്രസംഗങ്ങള്‍ കാണാതെ പഠിക്കാനുണ്ട്. എല്ലാം പഠിച്ചു കഴിഞ്ഞാല്‍ മാത്രമേ ക്രിസ്മസ് ലീവിന് നാട്ടിലേക്ക് പോവുകയുള്ളൂ എന്ന് ഉമ്മ ആദ്യമേ പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെ മൂന്നു വിഷയങ്ങളും എപ്പോഴേ വെള്ളം പോലെ മനഃപാഠമാക്കി വെച്ചു. പത്തു ദിവസത്തെ അവധിയായതിനാല്‍ എല്ലാവരും തറവാട്ടില്‍ ഒരുമിച്ചു കൂടും. അതു കൊണ്ട് എന്തായാലും നാട്ടില്‍ പോവണം. കൊല്ലത്തു നിന്ന് സലിയെളാപ്പയും മക്കളുമെല്ലാം വരും. എളാപ്പ ഇപ്പോള്‍ കൊല്ലത്താണ് പഠിപ്പിക്കുന്നത്. ആഴ്ച്ചക്കാഴ്ച്ചക്ക് കൊല്ലത്ത് നിന്നു മലപ്പുറത്തേക്ക് വരാന്‍ നിക്കണ്ടാന്ന് വല്ല്യുപ്പ പറഞ്ഞപ്പോഴാണ് എളീമയെയും മക്കളെയുമെല്ലാം എളാപ്പ അങ്ങോട്ടു കൊണ്ടു പോകുന്നത്. ഏതായാലും കുറേ ദിവസങ്ങള്‍ക്കു ശേഷം എല്ലാവരും കൂടാന്‍ പോവുകയാണ്.. മനസ്സാകെ വല്ലാത്തൊരു സന്തോഷം.


'സ്‌കൂൾ തുറക്കുന്നതിനു മൂന്നു ദിവസം മുമ്പ് നമുക്ക് തിരിച്ചു പോരണം' തലശ്ശേരിയില്‍ ട്രെയിന്‍ കാത്തു നില്‍ക്കുമ്പോള്‍ ഉമ്മ പറഞ്ഞു.


'അത്ര വേഗം പോരാന്‍ അങ്ങോട്ട് പോകണോ' ഇക്കാക്കാക്ക് ദേഷ്യം വന്നു.


'ഇവന് പരിപാടിക്ക് ഒരുങ്ങാനുള്ളതാ..' ഉമ്മ വിരലുകള്‍ എന്നിലേക്ക് ചൂണ്ടി.


'ശരിയാ എനിക്ക് പ്രസംഗം പഠിക്കാനുണ്ട്' ഇക്കാക്കാന്റെ മുന്നില്‍ ഞാനൊന്ന് ആളായി.


'ഉം..' ഇക്കാക്ക നീട്ടി മൂളി.


തറവാട്ടില്‍ എല്ലാവരും എത്തിയിട്ടുണ്ട്. ഇനി കുറച്ചു ദിവസം ഉത്സവാന്തരീക്ഷമായിരിക്കും. സമയം പോകുന്നതേ അറിയില്ല. ഒരുപാടു കളിക്കണം, കുളത്തില്‍ നീന്തണം, പാടത്തു പോയി മീന്‍ പിടിക്കണം, ടി.വിക്കു മുന്നില്‍ ഇമ ചിമ്മാതെ ഇരിക്കണം. അതിനിടക്ക് വല്ല്യുപ്പ വന്ന് 'ആ മതി കണ്ടത്, കണ്ണ് കേടു വരും' എന്നും പറഞ്ഞ് ടി.വി ഓഫാക്കുമ്പോള്‍ വീണ്ടും മുറ്റത്തേക്കിറങ്ങണം.. എന്തൊക്കെ ചെയ്യാനിരിക്കുന്നു.


അഞ്ചാറുദിവസം കഴിഞ്ഞതും ഒരു വൈകുന്നേരം ഞങ്ങള്‍ കണ്ണൂരിലേക്കു തിരിച്ചു പോന്നു. എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കഴിഞ്ഞത്. ആവേശത്തിമര്‍പ്പിനിടയില്‍ സ്‌കൂളും മത്സരവും എല്ലാം മറന്നു പോയിരിക്കുന്നു. പ്രസംഗം കാണാതെ പഠിച്ചതെല്ലാം ഇനി ഒന്നുകൂടി അയവിറക്കണം. കുറേ ദിവസമായിട്ട് അതൊന്നും തുറന്നു നോക്കാത്തതില്‍ ഉമ്മാക്ക് നല്ല ദേഷ്യമുണ്ട്. വെറും മൂന്നു ദിവസം മാത്രമേ ഇനി പരിപാടിക്കുള്ളൂ.


'ഏതായാലും നാളെ രാവിലെ മുതല്‍ പഠിക്കാനിരിക്കണം' കൃത്യമായ പ്ലാനിംഗില്‍ അഞ്ചാറു ദിവസത്തെ ക്ഷീണം തീര്‍ക്കാന്‍ ഞാന്‍ നന്നായൊന്നുറങ്ങി.


രാവിലെ എഴുന്നേറ്റ് ഭക്ഷണവും കഴിച്ച് പഠിക്കാനിരുന്നു. കുറേ സമയമായി ഉപ്പാന്റെ ഫോണ്‍ ഉച്ചത്തില്‍ ശബ്ദിക്കുന്നു. 'ഉപ്പയെന്താ ഫോണെടുക്കാത്തെ?' ബെല്ലടി ശബ്ദം പഠനത്തിന് തടസ്സമായപ്പോള്‍ ഞാന്‍ പല്ലു കടിച്ചു.


'ഉപ്പാ ങ്ങളെ ഫോണ്‍ ബെല്ലടിക്കുന്നു' ഞാന്‍ ഹാളില്‍ നിന്ന് വിളിച്ചു കൂവി.


'ഞാന്‍ ബാത്ത്‌റൂമിലാ..ആരാന്ന് നോക്ക്' പതിഞ്ഞ ശബ്ദത്തില്‍ ബാത്ത്‌റൂമില്‍ നിന്നും ഉപ്പ മറുപടി പറഞ്ഞു.


ഞാന്‍ ഫോണെടുത്തു നോക്കി. 'ഉപ്പാ..അബി എളാപ്പയാണ്' ഞാന്‍ ഫോണും കൊണ്ട് ബാത്ത്‌റൂമിന്റെ വാതില്‍ മുട്ടി. അപ്പോഴേക്കും ഫോണ്‍ കട്ടായി. ഫോണ്‍ മേശപ്പുറത്ത് വെച്ച് ഞാന്‍ പ്രസംഗത്തിന്റെ കടലാസുകള്‍ വീണ്ടും തുറന്നു. അതാ വീണ്ടും ഫോണ്‍ ബെല്ലടിയുന്നു. ഓടിച്ചെന്ന് ഫോണെടുക്കാന്‍ നോക്കുമ്പോഴേക്കും ബാത്ത്‌റൂമില്‍ നിന്നും ഉപ്പ ഇറങ്ങി വന്നു.


അബി എളാപ്പ വീണ്ടു വീണ്ടും വിളിക്കുന്നതിലെ കാര്യമറിയാന്‍ ഞാന്‍ ഉപ്പയുടെ അടുത്ത് തന്നെ നിന്നു. ഫോണെടുത്ത ഉടനെ 'റബ്ബേ....' എന്നു വിളിച്ച് ഉപ്പ ആകെ സ്തംഭിച്ചു നിന്നു. ഉപ്പയുടെ മുഖം വെളുത്തു വരുന്നു. തോളില്‍ കിടന്ന തോര്‍ത്തെടുത്ത് ഉപ്പ മുഖം തുടച്ചു. എന്തു പറ്റിയാവോ?


ഫോണ്‍ വെച്ച ഉടനെ ഉപ്പ, ഉമ്മയോടായി പറഞ്ഞു.

'സലി മരിച്ചൂന്ന്....'


ഉമ്മ ശരീരം ചുമരിലേക്ക് താങ്ങി നിര്‍ത്തി. 'ഇന്നാലില്ലാ..' ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.


'അറ്റാക്കാണെന്നാ തോന്നുന്നേ' പറയുമ്പോള്‍ ഉപ്പയുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു.


എനിക്കൊന്നും മനസ്സിലാകുന്നില്ല. 'സലി എളാപ്പ മരിച്ചൂന്നോ? ഇന്നലെ കൂടി ഞാന്‍ കണ്ടതല്ലേ..സംസാരിച്ചതല്ലേ..മിനിഞ്ഞാന്ന് ഏളീമ വീട്ടില്‍ പോയപ്പോ എളാപ്പയുടെ കൂടെ ഞാന്‍ കിടന്നതല്ലേ.. എന്നിട്ടിപ്പോ'. എന്റെ നെഞ്ചിടിപ്പു കൂടി. ഞാന്‍ കൈ എടുത്ത് നെഞ്ചിലേക്കു വെച്ചു. ഡയാലിസിസു ചെയ്തിരുന്ന സലിയെളാപ്പയുടെ കയ്യിലെ ഞരമ്പുകളില്‍ തൊട്ടാലനുഭവപ്പെടുന്നതു പോലെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചിരിക്കുന്നു.


കാറു വിളിച്ച് ഉച്ചയാകുമ്പോഴേക്കും ഞങ്ങള്‍ തറവാട്ടിലെത്തി. വല്ല്യുപ്പ പത്തായത്തിനു മുകളില്‍ കിടക്കുകയാണ്. കുഞ്ഞളാപ്പ പത്തായത്തിലേക്ക് തലയും താങ്ങി തൊട്ടടുത്തായി സ്റ്റൂളിലിരിക്കുന്നുണ്ട്.

'കൊല്ലത്തേക്ക് പോവാനിറങ്ങേര്ന്ന് ഓല്. രാവിലെ പത്തിരി തിന്നുമ്പോ തന്നെ അവനെന്തോ ക്ഷീണണ്ട്ന്ന് പറഞ്ഞപ്പം ഡോക്ടറെ കാണിക്കാന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷെ...'. ഇടക്കിടെ ശ്വാസം വലിച്ച് വലിച്ച് വല്ല്യുപ്പ പറഞ്ഞു.


പത്തായത്തില്‍ തലചായ്ച്ചിരുന്ന കുഞ്ഞളാപ്പ പെട്ടെന്ന് ഛര്‍ദ്ദിച്ചു. ആരൊക്കെയോ വന്ന് എളാപ്പയുടെ പുറത്ത് തട്ടിക്കൊടുത്തു. ഞാന്‍ പത്തായത്തിന്റെ ഒരു മൂലയിലായി നിലത്തിരുന്നു. രണ്ടു ദിവസം മുമ്പ് ബഹളമയമായിരുന്ന വീട്ടില്‍ നിശബ്ദത തളം കെട്ടി നില്‍ക്കുന്നു. എളാപ്പയുടെ രണ്ടും നാലും വയസുള്ള മക്കള്‍ പറമ്പിലൂടെ ഓടിക്കളിക്കുന്നുണ്ട്. അവരോട് എന്തു പറയാന്‍. 'ഉപ്പ മരിച്ചെന്നോ?'. ഇനി പറഞ്ഞാല്‍ അവര്‍ക്കു വല്ലതും മനസ്സിലാകുമോ?. മനസ്സിലേക്ക് എളാപ്പയുടെ ഒരുപാട് പഴയ ഓര്‍മ്മകള്‍ കടന്നു വരുന്നു. 'ഇതിനു മുമ്പ് മറ്റാരും മരിച്ചിട്ടില്ലേ? ആരുടെ മരണവും മനസ്സിനിത്ര വേദനയുണ്ടാക്കിയിട്ടില്ലല്ലോ? ആരും മരിക്കാത്തതു കൊണ്ടാണോ? അതോ ഞാന്‍ കാണാത്തതു കൊണ്ടോ?..'


ഖബറടക്കം കഴിഞ്ഞപ്പോഴേക്കും വൈകുന്നേരമായിരുന്നു. ഒരുപാടാളുകള്‍ വീട്ടിലേക്ക് ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. എളാപ്പ മെഡിക്കല്‍ എയ്ഡ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളിലും മറ്റും സജീവമായതിനാല്‍ എളാപ്പയുടെ ഫോണിലേക്ക് ഒരുപാടു കോളുകള്‍ വരുന്നുണ്ട്. വല്ല്യളാപ്പയാണ് ഫോണെടുക്കുന്നത്.


'സലി ഇന്ന് രാവിലെ മരണപ്പെട്ടു'


മൂന്നാമത്തെ ആളോടാണ് ഈ മറുപടി. സഹായം തേടിക്കൊണ്ട് ഒരാളെ ഫോണ്‍ വിളിക്കുമ്പോള്‍ അയാളുടെ മരണവാര്‍ത്ത കേള്‍ക്കേണ്ടി വരുന്നത് എത്ര ദൗര്‍ഭാഗ്യകരമാണ്. ഇങ്ങനെ ഓര്‍മ്മകളുടെയും ചിന്തകളുടെയും കൂടെയാണ് ആ രാത്രി ഞാന്‍ കഴിച്ചുകൂട്ടിയത്.


മരണ വാര്‍ത്ത കേട്ട് കണ്ണൂരില്‍ നിന്നും സത്താര്‍ക്കയും ലത്തീഫ് മാഷുമെല്ലാം വന്നത് അടുത്ത ദിവസം രാവിലെയാണ്. ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഉപ്പയെന്നോട് ചോദിച്ചു 'നീ ഇവരുടെ കൂടെ പോവണോ? നാളെയല്ലേ നിനക്ക് പരിപാടി?'. ജില്ലാ കലോത്സവത്തെക്കുറിച്ച്, മൂന്നു വര്‍ഷത്തെ എന്റെ സ്വപ്‌നത്തെക്കുറിച്ച് ഞാന്‍ പാടെ മറന്നു പോയിരുന്നു. ഒരു കുടുംബത്തിന്റെ സ്‌നേഹവും സ്വപ്‌നവും അത്താണിയുമെല്ലാം നഷ്ടപ്പെട്ട നേര്‍ക്കാഴ്ചയില്‍ എന്റെ സ്വപ്‌നങ്ങളെ എങ്ങനെ ഓര്‍ക്കാനാണ്?


'നീ എന്താ ഒന്നും മിണ്ടാത്തത്?' ഉപ്പ വീണ്ടും ചോദിച്ചു. എന്റെ കണ്ണുകള്‍ ചാലിട്ടൊഴുകാന്‍ തുടങ്ങി. കഴിച്ച് കൊണ്ടിരുന്ന ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഞാന്‍ ചുമച്ചു. 'സാരമില്ലെടാ..നീ പരിപാടിയില്‍ പങ്കെടുത്തിട്ട് വാ' പുറത്ത് തട്ടിക്കൊണ്ട് വല്യളാപ്പ സമാധാനിപ്പിച്ചു.


യാത്ര പറയാന്‍ ഞാന്‍ എളീമയുടെ റൂമിലേക്ക് ചെന്നു. എളീമയുടെ ഉമ്മ നിലത്ത് പായ വിരിച്ച് നമസ്‌കരിക്കുന്നുണ്ട്. കട്ടിലില്‍ ചുമരിലേക്ക് ചാരി ഇരിക്കുകയാണ് എളീമ. ആ കണ്ണുകളുടെ നിറം പോലും മനസ്സിലാക്കാന്‍ പറ്റുന്നില്ല. അത്രയും ഇരുണ്ടു പോയിട്ടുണ്ടവ. 'എളീമാ..ഞാന്‍..പോവാണ്..' വായില്‍ നിന്ന് പുറത്തേക്ക് വരുന്ന അക്ഷരങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്ന് കാവി പാകിയ നിലത്ത് പതിച്ചു. ഒന്നും മിണ്ടാതെ എളീമ എന്റെ മുഖത്തേക്കൊന്ന് നോക്കി. അധികം നേരം അവിടെ നിന്നാല്‍ ഉറക്കെ കരഞ്ഞു പോകുമോ എന്ന ഭയത്താല്‍ ഞാന്‍ വേഗം പുറത്തിറങ്ങി.


ക്ഷീണം കൊണ്ട് കണ്ണൂരിലേക്കുള്ള യാത്ര മുഴുവന്‍ ഞാന്‍ ഉറങ്ങിത്തീര്‍ത്തു. അയല്‍വാസി ശരീഫ്ത്താന്റെ വീട്ടിലാണ് രാത്രി കിടന്നുറങ്ങിയത്. അനൂപ് മാഷ് രാവിലെ ടൗണിലെത്താമെന്നാണ് പറഞ്ഞിട്ടുള്ളത്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ശരീഫ്ത്ത ഒരു പേക്ക് ബിസ്‌ക്കറ്റും കുറച്ച് പഴവുമെല്ലാം ബേഗിലേക്കിട്ടു. 'ഫസ്റ്റ് വാങ്ങിയിട്ടു വാ കേട്ടോ'. ആ നല്ല വാക്കുകള്‍ക്ക് പകരമായി ഒന്നു പുഞ്ചിരിക്കാന്‍ പോലും മനസ്സ് മറന്നു പോയിരുന്നു.


വീട്ടില്‍ നിന്നും പയ്യന്നൂരിലേക്ക് ഒരുപാടു ദൂരമുണ്ട്. ബസ്സില്‍ നല്ല തിരക്കുമാണ്. ഒരു സീറ്റ് ഒഴിവു കിട്ടിയപ്പോള്‍ അനൂപ് മാഷ് എന്നെ അവിടെയിരുത്തി. മാഷ് ഞങ്ങളുടെ പി.ടി മാഷാണ്. ആറു വര്‍ഷത്തിലധികമായി സ്‌കൂളില്‍ വരുന്നു. പക്ഷെ മാഷിന് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. പോസ്റ്റ് റെഡിയാകുമോ എന്നു പോലും സംശയമാണെന്ന് ഉമ്മ ഒരിക്കല്‍ പറയുന്നത് കേട്ടിട്ടുണ്ട്. പിന്നെ എന്തു കണ്ടാണാവോ മാഷ് ഈ കഷ്ടപ്പെടുന്നത്? എന്തു പ്രതീക്ഷയാണാവോ മാഷിനെ മുന്നോട്ട് നയിക്കുന്നത്?.


കലോത്സവത്തിലെ എന്റെ ആദ്യത്തെ പരിപാടി കഥാ പൂരണമായിരുന്നു. കിണറ്റില്‍ നിന്നും രക്ഷപ്പെട്ട ഒരു തവളയുടെ സന്തോഷമായിരുന്നു കഥയുടെ തുടക്കം. ഞാന്‍ എന്തൊക്കെയോ കുത്തിക്കുറിച്ചിട്ടു. പലപ്പോഴും ഞാന്‍ ആ തവളയായി മാറി. അതിനിടെ അറബി പ്രസംഗം മറ്റൊരു സ്‌റ്റേജില്‍ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിപ്പും വന്നു. കഥാപൂരണം കഴിഞ്ഞിറങ്ങുമ്പോഴേക്ക് ലോട്ട് നമ്പറുമായി അനൂപ് മാഷ് പുറത്ത് കാത്തു നില്‍പ്പുണ്ട്. ഞാന്‍ വേഗം അടുത്ത വേദിയിലേക്ക് പോയി.


നമ്പര്‍ വിളിച്ചു. ഞാന്‍ സ്‌റ്റേജിലേക്ക് കയറി. നറുക്കിട്ടെടുത്ത വിഷയത്തെപ്പറ്റി കാണാതെ പഠിച്ച പ്രസംഗം ആരംഭിച്ചു. ചുണ്ടുകള്‍ വിറ കൊണ്ട് നിയന്ത്രണാതീതമായി. കണ്‍ പോളകള്‍ ഭാരത്താല്‍ പലപ്പോഴും നിലത്തേക്ക് വീണു.‍ പറഞ്ഞു തീര്‍ത്തെന്നു തോന്നുന്നു. ആരും കയ്യടിക്കുന്നില്ല.. ഇനി ‍ പറഞ്ഞ വിഷയമെങ്ങാനും മാറിപ്പോയോ? അതോ എന്റെ മനസ്സിന്റെ കരച്ചില്‍ അവരാരെങ്കിലും കേട്ടോ? അനൂപ് മാഷേയും കാണാനില്ല. സ്‌റ്റേജില്‍ നിന്നും ഇറങ്ങി ഞാന്‍ സദസ്സിന്റെ ഏറ്റവും പിറകില്‍ ചെന്നിരുന്നു.


പത്തിലധികം കുട്ടികള്‍ മത്സരത്തിനുണ്ടായിരുന്നു. ഒന്നര മണിക്കൂറിലധികം നീണ്ടു നിന്ന പരിപാടിക്കു ശേഷം വിധികര്‍ത്താക്കള്‍ സ്‌റ്റേജിലേക്കു കയറി. എന്റെ ഹൃദയമിടിപ്പില്‍ വ്യത്യാസം വരുന്നത് ഞാനറിഞ്ഞു. മൂന്നു വര്‍ഷത്തെ എന്റെ സ്വപ്‌നം. ഉമ്മയുടെ സ്വപ്‌നം. വേദന. ഒരുപാടു ദിവസത്തെ പരിശ്രമം. എല്ലാം ഒരു നിമിഷത്തിലേക്ക് കൂടിച്ചേര്‍ന്നിരിക്കുന്നു.


'കോഡ് നമ്പര്‍ 114 രണ്ടാം സ്ഥാനം' വിധി പ്രഖ്യാപിക്കപ്പെട്ടു. വീണ്ടും വീണ്ടും വീണ്ടും എനിക്ക് രണ്ടാം സ്ഥാനം തന്നെ. ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയെ അധ്യാപകര്‍ അഭിനന്ദിക്കുന്നതും നോക്കി ഞാന്‍ കൈകളടിച്ചു. ഇപ്പോഴെന്തേ എന്റെ കണ്ണീര്‍ ഗ്രന്ഥികള്‍ വറ്റിപ്പോയോ? സങ്കടത്തില്‍ ഹൃദയമൊന്ന് വേഗത വര്‍ദ്ധിപ്പിച്ച് മിടിക്കാത്തന്താണ്?. അറിയില്ല.


അനൂപ് മാഷ് വന്ന് എന്റെ കൈകള്‍ പിടിക്കുമ്പോഴാണ് ഞാന്‍ ചിന്തകളില്‍ നിന്നും ഉണരുന്നത്. 'വാ നമുക്ക് ഒരിടം വരെ പോകാനുണ്ട്' മാഷ് എന്റെ കൈകളും പിടിച്ചു നടന്നു. ഞങ്ങള്‍ നേരെ പോയത് മീഡിയ റൂമിലേക്കാണ്. 'നിനക്ക് കഥാപൂരണത്തില്‍ ഒന്നാം സ്ഥാനമുണ്ട്'. എന്റെ കൈകള്‍ പിടിച്ച് അഭിനന്ദിച്ച് മാഷു പറഞ്ഞു. എന്റെ ഹൃദയം സന്തോഷം കൊണ്ട് ഒന്നു വേഗമിടിക്കുമെന്ന്, ചുണ്ടുകള്‍ മുകളിലേക്കു കയറി പുഞ്ചിരി തൂകുമെന്ന്, മുഖത്തെ മാംസ പേശികള്‍ രക്തം കൊണ്ട് നിറയുമെന്ന് ഞാന്‍ കരുതിയെങ്കിലും ഒന്നും നടന്നില്ല. ഞാന്‍ തീര്‍ത്തും നിര്‍വികാരനായിരിക്കുന്നു. ആരെക്കെയോ വന്ന് ഫോട്ടമെടുത്തു. എന്തൊക്കെയോ ചോദിച്ചു. എനിക്കൊന്നും കേള്‍ക്കാന്‍ കഴിയാത്തതു പോലെ. മാഷാണ് എല്ലാത്തിനും  മറുപടി പറഞ്ഞത്.


പിറ്റേന്ന് രാവിലെ ശരീഫ്ത്തയാണ് പത്രത്തില്‍ എന്റെ ഫോട്ടോ വന്നത് ആദ്യം കാണിച്ചു തരുന്നത്. ഞാന്‍ ഫോട്ടോ നോക്കി. ചിരിക്കാത്ത ചുണ്ടുകള്‍, ഇരുണ്ട കണ്ണുകള്‍, മുഖം കണ്ടാല്‍ ചരമക്കോളത്തിലെ ഫോട്ടോ പോലെയുണ്ട്. ടീപ്പോയില്‍ കിടക്കുന്ന രണ്ടു ദിവസം മുമ്പുള്ള പത്രം എന്റെ ശ്രദ്ധയില്‍പെട്ടത്‌ അപ്പോഴാണ്‌. ഞാന്‍ പത്രമെടുത്ത് ചരമം പേജ് തുറന്നു. പേജില്‍ എളാപ്പയുടെ ഫോട്ടോ. ചിരിക്കുന്ന മുഖം, തെളിച്ചമുള്ള കണ്ണുകള്‍, ഫോട്ടോയില്‍ ഇപ്പോഴും ജീവന്‍ തുടിക്കുന്ന പോലെ. മനസ്സ് ചിന്തയിലാഴാന്‍ തുടങ്ങി. മരിച്ചിട്ടും ജീവിക്കുന്നവരെക്കുറിച്ച്..


എഴുതിയത്‌: നദീർ കടവത്തൂർ.

No comments:

Post a Comment

Pages