✍സലാം വാരണാക്കര
മഴമേഘങ്ങൾ തണലിട്ട ഒരു സായാഹ്നം. മൊബൈലിൽ ടിക് ടോക് വീഡിയോ നിർമ്മിച്ച് വൈറലാവാൻ വേണ്ടിയാണ് അവർ നിറഞ്ഞൊഴുകുന്ന പുഴയുടെ പാലത്തിനടുത്തെത്തിയത്.കോളേജിൽ നിന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അവർക്കാ ആശയമുദിച്ചത്.
അവർ പാലത്തിനരികിലായി ബൈക്കുകൾ നിർത്തി ഇറങ്ങി വന്നു. പാലത്തിൽ നിന്നും താഴേക്ക് നോക്കിയാൽ നല്ല ദൂരമുണ്ട്...!
ഒരാൾ തന്റെ ഐ ഫോണെടുത്ത് ദൃശ്യം പകർത്താൻ തയ്യാറായി.
കുറച്ചൊരു ധൈര്യക്കുറവുണ്ടെങ്കിലും മറ്റുള്ളവർ ചാടാനും തയ്യാറെടുത്തു കഴിഞ്ഞു...!
ആദ്യമൊരാൾ പാലത്തിന്റെ കൈവരിയിൽ പൊത്തിപ്പിടിച്ച് കയറി...!
"മച്ചാനേ... റഡിയല്ലേ..."
" നീ ചാട് ബ്രോ.. "
അങ്ങനെ ആദ്യത്തെയാൾ പുഴയിലേക്കെടുത്ത് ചാടി...!
അടിയൊഴുക്കിന്റെ തീവ്രതയറിയാത്ത, എത്ര ആഴമുണ്ടെന്ന് പോലുമറിയാത്ത പുഴയുടെ അഗാതതയിലേക്ക് അവൻ ആഴ്ന്ന് പോയി...!
അവന് പിന്നാലെ മറ്റ് രണ്ടു പേരും അത് പോലെ തന്നെ ചാടി...!
മൊബൈലിൽ പകർത്തുന്ന സുഹൃത്ത് എല്ലാം തന്റെ ക്യാമറ കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്തു...!
താൻ പകർത്തിയ സുഹൃത്തുക്കളുടെ സാഹസികത ടിക്ടോക്ക് ആക്കി മുഖപുസ്തകത്തിൽ ഷെയർ ചെയ്യുന്ന തത്രപ്പാടിനിടയിൽ പുഴയിൽ ചാടിയ തന്റെ സുഹൃത്തുക്കളുടെ അവസ്ഥയെ കുറിച്ച് ഒരു നിമിഷം മറന്ന് പോയി...!
പെട്ടെന്നോർമ്മ വന്ന അവൻ താഴെ പുഴയിലേക്ക് നോക്കി..
മൂന്ന് പേരേയും കാണുന്നില്ല...!
മച്ചാന്റെ മട്ട് മാറി
മുഖത്ത് ഭീതി നിഴലിച്ചു...!
കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ടപ്പൊഴേക്കും മൂന്ന് പേരും അടിയൊഴുക്കിന്റെ ശക്തിയിൽ നിലയില്ലാ കയത്തിൽ ആഴ്ന്ന് കടലിനെ ലക്ഷ്യം വെച്ചൊഴുകുന്ന പുഴയുടെ കുത്തൊഴുക്കിൽ അകപ്പെട്ടിരുന്നു...! മച്ചാൻ ഒച്ചവെച്ച് ആളെ കൂട്ടി..
കാര്യങ്ങൾ ദ്രുതഗതിയിൽ മാറി...! ആളുകൾ കൂടി ,പോലീസ് വന്നു ,ഫയർഫോഴ്സെത്തി..! തിരച്ചിൽ തുടങ്ങി...!
ഒരു ദുർബല നിമിഷത്തിൽ തോന്നിയ വിഢിത്തമോർത്ത് മച്ചാൻ
ദുഃഖഭാരവും പേറി പുഴയിലേക്ക് കണ്ണും നട്ടിരുന്നു..!
അവന്റെ കണ്ണുകളിൽ നനവ് പടർന്നിരുന്നു...!
തിരഞ്ഞ് തിരഞ്ഞ് അവസാനം ഒരുപാട് ദൂരെ നിന്ന് അവരെ ഫയർഫോഴ്സ് കണ്ടെത്തി
കരയിലെത്തിച്ചു...!
ചലനമറ്റ് കിടക്കുന്ന മൂന്ന് പേരേയും കണ്ട് സുഹൃത്ത് വാവിട്ട് കരഞ്ഞു...!
ടിക് ടോക് വൈറൽ വീഡിയോ ഉണ്ടാക്കാൻ വേണ്ടി ശ്രമിച്ച മൂന്ന് പേരും ഹൃദയമിടിപ്പിന്റെ ടിക് ടിക് ശബ്ദം നിലച്ച് എന്നെന്നേക്കുമായി ഈ ലോകത്ത് നിന്നും യാത്ര പറഞ്ഞു...!
അങ്ങനെ മൊബൈൽ കുസൃതികൾ അതിരുവിട്ടാൽ നാടിനും കുടുംബത്തിനും തീരാ നഷ്ടമായിരിക്കുമെന്ന മഹിത സന്ദേശം സമൂഹത്തിന് പകർന്ന് നൽകിക്കൊണ്ട് അവരുടെ വീഡിയോ വൈറലായി....!
No comments:
Post a Comment